* * മഴ * *
ഒരു രാവുകൂടിന്നു പെയ്തൊഴിഞ്ഞൂ.....
ഒടുവിലെ താരവും പോയ്മറഞ്ഞൂ.,
ഓർമതന്നേട്ടിൽ നിന്നോടിയെത്തി-
യൊരോമാൽ കുളിരതെവിടെ നിന്നോ..!
അറിയില്ല, പതിയെ തുറന്നു ഞാൻ ജാലകം..
ഒടുവിലെ താരവും പോയ്മറഞ്ഞൂ.,
ഓർമതന്നേട്ടിൽ നിന്നോടിയെത്തി-
യൊരോമാൽ കുളിരതെവിടെ നിന്നോ..!
അറിയില്ല, പതിയെ തുറന്നു ഞാൻ ജാലകം..
മിഴികൾക്കു കണിയേകി പൊഴിയുന്നു-
ഹാ മഴ ! ഭൂവിന്റെയതിലോല-
ഭാവങ്ങളുണർത്തുന്നെന്നരികിലായ്..
നിറുകയിൽ പുലർവെയിൽ ചന്ദനം ചാലിച്ചു-
നീരാടിയീറനുടുത്തു നിൽക്കുന്നതാ-
മുറ്റത്തെകൃഷ്ണതുളസിപ്പെണ്ണും പിന്നെ-
മുല്ലയും നാണിച്ചീ, മഴയെത്ര സുന്ദരം.,
മഴതന്നൊരോർമകളതിലും മനോഹരം...
* * * * * * * * * * * * *
നീർമണികളായിരം പനംപട്ടതന്നിലാ-
യാരവം തീർത്തോരു കാലമകന്നുപോയ്..
നിറകതിർ വയലുകൾ കാറ്റേറ്റിരമ്പുന്ന-
കാലമൊലിച്ചുപോയ് നിറക്കൂട്ടിൽ മാത്രമായ്..
പുതുമഴ മണ്ണിന്നു പുടവകൊടുക്കുന്ന-
പുതുമണം പുസ്തകത്താളിൽ മയക്കമായ്..
മുറ്റത്തെ മാവിൽ നിന്നൊരു മൂത്ത മാമ്പഴ-
മിറ്റുവീഴും കാത്ത മോഹം വിമൂകമായ്..
ഓലക്കുടയുമായ് ഓടിനടന്നൊരെൻ-
ഓമനമുത്തശ്ശി ഓർമയിലുറക്കമായ്..
കമ്പിളിപുതച്ചിട്ടു കടലകൊറിച്ചുകൊ-
ണ്ടുമ്മറക്കോലായി കാക്കുന്ന മുത്തശ്ശൻ,
കാലത്തിനോളത്തിൽ കടലോടലിഞ്ഞുപോയ്..
പാതയോരത്ത് മഴ പുഴയായൊഴുകുമ്പോൾ,
പണിതീർത്ത കടലാസു തോണിയും ഓർമയായ്..
തുള്ളിക്കൊരുകുടം മഴപെയ്തുതോരുമ്പോൾ ,
തുമ്പിയെത്തേടി നടന്നോരു നാളുകൾ..
മഴതൂകി മണിമേഘമോടിക്കളിക്കുമ്പോൾ,
മഴവില്ലു കണ്ടുത്സാഹിച്ച നാളുകൾ..
കടമ്പിന്റെ കൊമ്പിൽ കാറ്റൂയലിട്ടാടുമ്പോൾ,
കളിക്കൂട്ടുകാരിക്കു മഴനേർന്ന നാളുകൾ..
ഇന്നെല്ലാമോടിയോളിച്ചൂ വിരുന്നുകാരായ്...
* * * * * * * * * * * * *
ഇന്നും മഴപെയ്തു മാനം തെളിഞ്ഞിതാ,
മൗനങ്ങൾ പെയ്തെന്റെ മനവും തെളിഞ്ഞിതാ.,
വേനലിന്നഗാധമാം താപങ്ങളൊക്കെയും-
തൻമടിത്തട്ടിലായലിഞ്ഞു പോവും വിധ-
മിന്നീ വിധം ഭൂമിയുറങ്ങുന്നു മഴതോർന്ന്..
മഴയെന്നതെന്നും മഹാത്ഭുതം മർത്യനു-
സംശയമതിലില്ലയൊട്ടുമേയെങ്കിലും..,
കോടാലിത്തുമ്പത്ത് കാനനം മായുമ്പോൾ..
കോടികൾ വിലയിട്ടു നെൽവയൽ മൂടുമ്പോൾ..
ഇനിയുമൊരു വർഷമോടിയെത്തുമോ-
മണ്ണിന്റെ മുൻപിന്നറിയാത്തൊരീ മൂകയാത്രയിൽ..!
കാത്തിരിക്കാം നമുക്കെല്ലാർക്കുമോന്നിച്ചീ-
കൂട്ടിൽ മഴകൊള്ളും കിളികളോടൊപ്പമായ്...
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
