Saturday, July 26, 2014

വാവ് ബലി






















വാവ് ബലി 
 
ആലുവ മണപ്പുറത്തിന്നു ബലി നൽകുവാൻ,
മുത്തശ്ശി-മുത്തശ്ശനായ് നിന്റെ അച്ഛൻ..
നാളെയോ നീ, പിന്നെയോ നിന്റെ പുത്രൻ..
തലമുറകളായിരം തിരിതാഴ്ന്നു പോയിടാം,
താംതമാം ഓർമ നാൾവഴികളിലിതെപ്പോഴും,...
തപ്താശ്രുവും പൊഴിച്ചൊരു ചുമർക്കോണിലായ്,
ചില്ലിട്ട ചിത്രത്തിൽ നിന്നെയും തൂക്കിടാം..
ഓർക്കുവീ ജൻമത്തിനർത്ഥമൊരുപാട്..
ഇനിയും കടക്കണം ഗിരികളൊരുപാട്..

ഒടുവിലൊരു നാളിലൊരു ചിതയിലെരിയുമ്പോൾ,
ഒരുമുറിത്തുണിപോലുമില്ല നിൻ കൂടെ..
സ്മരണകൾതനഗ്നിയിൽ നഗ്നമായലിയുമ്പോൾ,
സ്വപ്നസൗധങ്ങൽ വീണുടയുന്നു ചാരമായ്..
അന്ന്, സ്വരരാഗലയധാരയലമുറകളായിടാം..

ഓടിയുമുഴച്ചും നിരങ്ങിയും തെണ്ടിയും,
ഒരുമുറിയിലന്തസ്സിലെല്ലാം ഭരിച്ചും..
വെട്ടിപ്പിടിച്ചും വിയർപ്പിൽ കുളിച്ചും,
നീ കോർത്ത സമ്പാദ്യ മണിമുത്തിതെല്ലാം,
സ്വത്തുതർക്കത്തിൽ കലാപക്കലാശത്തിൽ,
സ്വന്തബന്ധങ്ങളാൽ ചരടറ്റു ചിതറും..
പിന്നെ, പ്ലാസ്റ്റിക്‌ പൂമാല ചാർത്തിയൊരു പുഞ്ചിരി-
ചിത്രത്തിലൂടെ നീ ചരിത്രത്തിൽ മറയും..

ആദ്യം ആറടി മണ്ണിൽ, ശേഷം ഒരു മണ്‍കലത്തിൽ..
സ്ഫുടം ചെയ്തൊരാത്മാവുറങ്ങാത്ത നിലയിൽ..
കൈവരികൾ കോർക്കുന്ന പുഴതന്റെ മാറിൽ..
പിന്നെയലതല്ലുമാഴിതന്നന്തരംഗത്തിൽ..
ബാഷ്പമായലിയും, വീണ്ടുമൊരു നാൾകളിൽ,
കർക്കിടക മഴയായ് പെയ്തൊന്നു കരയും..

എന്നും നമുക്കായ് കലണ്ടറിൽ ശേഷിക്കും..
ഒരു ചുവപ്പുക്കളം, അതിൽ വെള്ളയക്ഷരം..
കാലാന്തരങ്ങളിൽ പറന്നെത്തിടാം നമ്മളും..
ഉറ്റവർ കടം തീർത്തുരുട്ടി വയ്ക്കും ഉരുള-
കൊത്തിപ്പറിക്കാൻ ബലിക്കാക്കയായ് നാം..

അപ്പൊഴും നീ ചെയ്ത സത്കർമ്മം ശേഷിക്കും..
അഖിലാണ്ടവും നിന്റെ സ്മരണകൾ പുതുക്കും..
ചിതലരിക്കാതെ നിൻ ഓർമ്മകൾ ലയിക്കും..
ചിലരല്ല പലരുമത് മാർഗമായ് തീർക്കും..
ഗാന്ധിയും തെരേസയും നിൻപൂർവികർ തന്നെ..
നമ്മളെ നമ്മളാക്കുന്നതീ നാം തന്നെ.
നമ്മിലെ നൻമയും, നേരിൻ നിറങ്ങളും..
ഉള്ളകാലം നേരെ ജീവിക്കൂ മണ്ണിതിൽ..
സ്വർഗ്ഗമോ, നാം തീർത്ത നാളുകളീ ഭൂമിയിൽ..

 
ഉള്ളകാലം നേരെ ജീവിക്കൂ മണ്ണിതിൽ..
സ്വർഗ്ഗമോ, നാം തീർത്ത നാളുകളീ ഭൂമിയിൽ..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Monday, July 7, 2014

വിഗ്രഹപ്പിഴ


 
*  വിഗ്രഹപ്പിഴ  * 


ഉണ്ടായിരുന്നോരു-
സംസ്കാരമകലെയായ്,
ഉണ്മതൻ വീഥിയി-
ലുടലാർന്നൊരമ്മതൻ,
പെണ്മയെ പൂജിച്ച്-
പുണ്യമായ് സേവിച്ച്-
പെരുമയാർന്നഴകൊരീ-
ഭാരതഭൂമിക്ക്...

ചതുർവേദങ്ങളിൽ-
ചടുലനൃത്തങ്ങളിൽ,
ഋതുവസന്തങ്ങളായ്-
തളിരിട്ട പെണ്ണിന്റെ,
സ്ത്രീയെന്ന പുണ്യമാം-
ഭാവമിന്നെങ്ങുപോയ്..!
നേരാലവൾവിരൽകോർത്ത-
കനവനിന്നെങ്ങുപോയ്...!
 
കലയും കാലവും-
കൈകോർത്തൊരുമിച്ചു,
കൈത്തറിപ്പട്ടിന്റെ-
കരവിരുതു തെളിയുന്ന-
കനവു, ഞൊറിയെടു-
ത്തുടുത്തൊരു പെണ്ണിന്റെ,
കാൽതൊട്ടു വണങ്ങുന്ന-
കാലമിന്നകലെയായ്...
 
മലർവനിയിൽ മീന-
വെയിലണയുന്നപോൽ,
മാസമുറയെന്തെന്ന-
റിഞ്ഞു തുടങ്ങും മുൻപേ,
മകളെന്നു പോലും-
വകതിരിവതില്ലാതെ,
മാനം കവർന്നോരു-
അച്ചനുണ്ടിവിടെ...
 
കാമുകനെന്നോരു-
ഭാവം നടിച്ചിട്ടു,
കാമുകിപ്പെണ്ണിനെ-
കളവാൽ തളച്ചിട്ടു,
കാമലീലകൾക്കായ്-
കഴുത്തു ഞെരിചോരു-
പ്രണയമെന്തെന്നറിയാത്ത-
കാമഭ്രാന്തനുണ്ടിവിടെ...

നിലവിളികളുയരുന്ന-
നിഴൽവീണ വീഥികൾ,
നേരിൻ നിറങ്ങളോ-
നീർച്ചാലുപോലെയായ്.,
നീണ്ടു കൂർപ്പിച്ചോരു-
നരവീണ നഖങ്ങളും,
നിശകളുടെ നാടിതിൽ-
നിണമൊഴുകി പടരുന്നു...
 
ഉണ്മയെല്ലാം വെറും-
ഉത്കണ്ട്ട മാത്രമായ്,
പെണ്മയോ പേരിനൊരു-
പകൽചിത്രം മാത്രമായ്,
പുണ്യവും മാഞ്ഞുപോയ്,
പെരുമയുമുതിർന്നുപൊയ്,
പഴിചാരിയാരെയോ-
പിഴചെയ്തുപോയോ നാം..!
 
നിറവാർന്ന നയനത്തി-
ലായിരം ചോദ്യങ്ങൾ,
നിരന്തരം നോവായ്‌-
നിഴലിച്ചിടുമ്പോഴും,
കണ്മുന്നിലെങ്ങുമേ-
ആർത്തവചുടു രക്തത്തിൽ,
നിറഞ്ഞു നനഞ്ഞോരു-
വിഗ്രഹങ്ങൾ മാത്രം...

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~