Thursday, November 25, 2010

ഒടുവിൽ മൊഴിഞ്ഞവ

 
 
ഹൃദയം കവരും നിന്നുടെ വദനം,
മധുരം ചൊരിയും നിന്നുടെയധരം..
പ്രാണനായികേ പറയുക നീ,
വീണമീട്ടാതെയെൻ ഹൃത്തിൽ..
നിൻ മുന്നിൽ വേഴാമ്പലെന്ന പോൽ-
കേഴുകയാണീ പ്രിയതോഴൻ..
 
താരകങ്ങളാൽ താലിചാർത്തിടാം,
താമരപ്പുവൂഞ്ഞാലു തീർത്തിടാം.,
പറയു തോഴി നിന്നുള്ളിൽ നിന്നുമീ-
കൂട്ടുകാരനായൊരു വാക്ക്..
ഒന്നുകൂടി നീ പുഞ്ചിരിക്കു നിൻ-
പൊന്നുതോഴനായ് പ്രിയസഖീ..
 
തകരുമീത്തോണിയിൽ തുണയായി-
ട്ടാരു വേറെയുണ്ടെനിക്ക് ചൊല്ലൂ..
ഇനിയുമെന്നാണ് കണ്ടുമുട്ടുകെന്നറി-
യുകില്ലെലും യാത്രചൊൽവു ഞാൻ..

ഇനിയും ജന്മമുണ്ടെങ്കിൽ തോഴി,
നിൻ വനിക കവരുന്ന കണ്ണനായി..
മനവനിക കവരുന്ന കണ്ണനായി..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

Thursday, November 11, 2010

കാത്തിരിക്കുമ്പോൾ

 
 
കാറ്റൊന്നു പുണരുമ്പോൾ നിന്റെ രൂപം,
മഴയൊന്നു തഴുകുമ്പോൾ നിന്റെയോർമ്മ,
മാരിവിൽ തെളിയുമ്പോൾ നിന്റെ വർണ്ണം,
മാരിയിൽ നനയുന്നുവെൻ ഹൃദയം..
 
ഈണങ്ങൾ താളങ്ങൾ എത്രയോ മൂളി ഞാൻ,
ശ്രുതിയോടെ രാഗങ്ങൾ എത്രയോ മീട്ടി ഞാൻ,
അവയൊന്നുമീടാകുകില്ലല്ലോ തോഴീ, എൻ-
ഹൃദയം കവർന്ന നിൻ പുഞ്ചിരിക്കായ്..
 
വാനത്ത് മാരിവിൽ കുടയായി നിൽപ്പൂ,
താഴത്തെൻ താരകം നീയായ്‌ നിൽപ്പൂ..
എൻ കണ്‍കളിലൂടെ നീ പുഞ്ചിരിപ്പൂ.,
നീ എൻ കവിതയിലൂടെ പുനർജ്ജനിപ്പൂ..
 
കാലങ്ങൾ എത്രയായ് കാത്തിരിപ്പൂ നിന്റെ-
കാലൊച്ച കേൾക്കുവാൻ കൂട്ടുകാരീ..
 

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

Wednesday, October 27, 2010

അതിരുകൾക്കുള്ളിൽ


തിരുക്കുള്ളിൽ  *
 
വാനത്തു വിരിയുന്ന താരകമോ നീ.,
താഴത്ത് വിടരുന്ന താമരയോ..?
പാടത്ത് വിരിയുന്ന പൊൻകതിരോ നീ,
പാതിരാ വാനത്തെ പൂന്തിങ്കളോ..?
കണ്ണന്റെ കഥകളിലെ രാധയോ നീ, അല്ല-
യിന്നെന്റെ കഥയിലെ നായിക നീ..
 
നിന്റെയീ കണ്ണുകൾക്കഞ്ചനമഴക്..
ചെഞ്ചുവപ്പധരങ്ങൾക്കതിലേറെയഴക്..
നിന്നിളം കൈകളിൽ വളകൾക്കെന്തഴക്.. 
നിന്റെ പാദങ്ങളിൽ കൊലുസിനുമൊരഴക്..
കൂന്തലിൽ വിരിയുന്ന പൂവിനുമൊരഴക്..
നിന്നിളം പുഞ്ചിരിക്കരിമുല്ലയഴക്..
 
നിന്റെയീ പുഞ്ചിരിക്കതിയായൊരഴകെനി-
ക്കറിയില്ലയിന്നുമെൻ കൂട്ടുകാരീ..
നിയ്യെന്റെയവസാന സൗന്ദര്യരൂപം..
ഞാൻ നിന്റെയഴകിന്റെയതിരുകൾക്കുള്ളിലാ-
യധിവസിക്കും സൗന്ദര്യാരാധകൻ, പ്രിയൻ..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

Thursday, August 5, 2010

വിരഹവേനലിൽ

വിരഹവേനലിൽ
 
അങ്ങകലെ പക്ഷികൾ പറന്നിടുന്നു,
എൻ മനവുമറിയാതിടറിടുന്നു..
ഒരു ചെറുതെന്നലെന്നരികെത്തലോടവേ-
യൊഴുകുന്നുവെന്നിലേക്കാ ഓർമ്മൾ..
ഒഴുകുന്നുവെന്നിലേക്കാ ഓർമ്മകൾ..
 
കുയിലിന്റെ പാട്ടുകൾ ശ്രുതിയോടു ചേരവേ-
തെളിയുന്നൂ ആ മുഖമെന്നിൽ..
അറിയാതെയറിയാതെ എൻ മനതാരിലാ-
യണയാതെ തെളിയുന്ന ദീപം അവൾ..
 
ഒരുപാടു നാളുകളിലവളുടെയോർമ്മയിൽ-
ഒരു പുഷ്പമായി ഞാൻ പൂത്തിരുന്നു..
ഒരു നല്ല നാളുകളിൽ ചിത്രശലഭങ്ങളായ്-
പാരിനും മീതേ പറന്നിരുന്നൂ..

പാറിപ്പറന്നീടും നേരമറിഞ്ഞില്ല-
പകലുകളേറെക്കൊഴിഞ്ഞുവെന്ന്..
പകലുകൾക്കപ്പുറം പാട്ടുമായെത്തുന്ന-
പൂത്തുമ്പിയെങ്ങോ മറഞ്ഞുവെന്ന്.. (2)
 
എങ്ങുനിന്നോ വന്ന പഞ്ചവർണ്ണക്കിളി-
യെൻ കതിർ കൊത്തീയകന്നീടവേ ..
അവളും അറിയാതെയകന്നിരുന്നു.,
എൻ ഹൃദയം അതറിയാതെ കാത്തിരുന്നു.. (2)
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Thursday, July 15, 2010

ഇഷ്ടം

 
*  ഇഷ്ടം  * 
 
പ്രണയത്തെയാണെനിക്കേറെയിഷ്ടം,
പ്രണയിക്കാനാണെനിക്കേറെയിഷ്ടം,
പ്രണയിച്ചിരുന്നു ഞാനേറെ നാളെൻ-
പ്രാണനു തുല്യമെൻ പ്രണയിനിയെ..
 
അവളുടെ മിഴിയിലെ കരിമഷി തന്നിലെ-
യൊരു ചെറുകണികയായ് മാറിയെങ്കിൽ..
അവളുടെ പുഞ്ചിരി പതിയെത്തലോടുന്ന-
കുറുമൊഴിത്തെന്നലായ് മാറിയെങ്കിൽ..
അവളുടെ കൂന്തലിൽ നിത്യം വിടരുന്ന-
പനിനീർപ്പുഷ്പ്പമായ് മാറിയെങ്കിൽ..
അറിയാതെയറിയാതെ ഓർത്തിടുന്നു.,
ആരോരുമറിയാതെത്തേങ്ങിടുന്നു..
 
അന്നവൾ ഹൃദയത്തിൽ സ്നേഹത്തിൻ തിരി-
നീട്ടിയൊരു മോഹദീപം തെളിച്ചിരുന്നു..
അന്നല്ലയിന്നുമെന്നാത്മാവിൻ തീരത്ത-
തണയാതെയണയാതെ തെളിഞ്ഞിടുന്നു..
മനമറിയാതെയാളിപ്പടർന്നിടുന്നു..

അറിഞ്ഞില്ലയന്നവൾ അറിഞ്ഞില്ല നിങ്ങളും.,
അറിഞ്ഞില്ല ഞാനുമേയിത്ര നാളും..
പൂവിനു നിറം പോലെ കടലിനു തിരപോലെ.,
പാട്ടിനു ശ്രുതി പോലെയൊന്നായിരുന്നെങ്കിൽ..
ദൈവമേ ജീവിതം ധന്യം.. എന്റെ-
സരളമീ ജീവിതം ധന്യം..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Monday, June 21, 2010

വർണ്ണങ്ങൾ

 
*  ണ്ണങ്ങ  *
 

ഓർമ്മയിലെനിക്കുമൊരു പ്രണയകാലം
വർണ്ണങ്ങൾ പൂത്ത വസന്തകാലം..
ആ മധുര സ്മരണകളോർത്തിടുമ്പോൾ
ഇന്നുമെന്നോർമ്മയിൽ തേങ്ങുമീണം..
 
പുഴയുടെ തീരത്ത്‌ പ്രണയിച്ചിരുന്നതും.,
കുളക്കരയിലിരുന്നു കുശലം പറഞ്ഞതും.,
കായലോരങ്ങളിൽ കാറ്റേറ്റിരുന്നതും.,
പാടവരമ്പത്ത് പാടി നടന്നതും..
ഇന്നുമോടിവന്നെത്തുന്നെന്നോർമ്മകളിൽ..
 
ആരാമവീഥികളിലാശിച്ചിരുന്നതും..
ആലിൻതറമേൽ കൈചേർത്തിരുന്നതും..
കണ്ണുകൾ തമ്മിൽ കഥ പറഞ്ഞിരുന്നതും..
കോടകാർ മൂടുമ്പോൾ പേടിച്ചിരുന്നതും..
 
ഇന്നുമെൻ ഹൃദയത്തിൽ കൊയ്ത്തുകാലം..
വർണ്ണങ്ങൾ പൂത്ത വസന്തകാലം..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Tuesday, June 15, 2010

നിനക്കായ്

 
*  നിനക്കായ്  *
 
അനുരാമെന്നുടെ പ്രിയരാഗമാക്കിയ
പ്രിയതോഴീ, ഇതാ നിനക്കായ്..
എന്നുമെൻ ഹൃദയത്തിലുറങ്ങാതെ സൂക്ഷിച്ച-
മഴവില്ലിൻ നിറമുള്ള മയിൽ‌പ്പീലി..
കാണുവാൻ കൊതിച്ച നാളുകളേറെ, നിന്നെ-
ക്കാണുമ്പോളെൻ മനം ദൂരെദൂരെ.,
കുയിലുകൾ പാടുന്ന താഴ്വരയിൽ, പ്രേമ-
ശ്രുതിയോടെ രാഗങ്ങൾ മീട്ടിടുന്നു..
 
മയിലുകളാടുന്ന  മലമുകളിൽ, ആ-
മാനുകളോടും മലഞ്ചരിവിൽ.,
കളകളം പാടുന്ന പുഴയരികിൽ, മനം-
മായാവീണയായ് മാറിടുന്നു..
ഇന്നെൻ മിഴികളിൽ നീയെനിക്കുന്മാദ -
സ്വപ്നം മെനഞ്ഞോരു പൊൻതാരകം..
 
ഇന്നെൻ മനസ്സിലെ നിന്നിലൂടല്ലോ ഞാ-
നറിയുന്നൊരായിരം പ്രണയം..
സഖീ, കടലിന്ന് കരയോട് പ്രണയം,
നാട്ടു മണ്ണിന്ന് മഴയോട് പ്രണയം,
കേട്ട പാട്ടിന്ന് ശ്രുതിയോടു പ്രണയം..
ഈ മണ്ണിലും വിണ്ണിലും പ്രണയം..
 
ആലിലകളെന്നിൽ തലോടുന്ന നേര-
ത്തവയ്ക്കൊക്കെ നിൻ മുഖം തോഴീ..
അകതാരിലിന്നും തുളുമ്പുന്നനശ്വര-
പ്രണയഗാനം സഖി, നിനക്കായ്..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~