Monday, February 22, 2016

മുരളീരവത്തിന് ഒരു ആമുഖം

"കാലമേ നീയെന്നെയറിയാതെ പോയാൽ,
പശ്ചാത്തപിക്കും ഒരുനാളിൽ നീയും..

പുഴുതിന്നു മണ്ണടിയിൽ ഞാൻ തീരുമെങ്കിലും
 കലതീരുകില്ലെന്റെ വരിതോരുകില്ല..

വരികൾ തന്നിഴകീറി നിജരേഖ തെളിയും...
വെറുതെയാണെങ്കിലും നീയെന്നെയോർക്കും.."

 
- മുരളി എസ് കുമാർ
 

കാലത്തിനൊത്ത് കവികൾക്കും സമൂഹത്തിൽ പ്രസക്തിയുണ്ട് എന്ന്
'വാദിക്കാനും ജയിക്കാനും വേണ്ടി അല്ല, അറിയാനും അറിയിക്കാനും വേണ്ടി'
ഒരു ബ്ലോഗ് പ്രിയ ഭാഷാ സ്നേഹികൾക്കു മുന്നിൽ സമർപ്പിക്കുന്നു..


 എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് നേരമ്പോക്കും കുത്തിക്കുറിക്കലും  അല്ല, മറിച്ച് അനുഭൂതിയും അതിജീവനവും ആണ്..
 
ഇനിയെന്ത് പറയാൻ..!
 

 അക്ഷരങ്ങളുടെ തിരമാലകളിൽ മുങ്ങിക്കുളിക്കാൻ സ്വാതം..
 

Saturday, February 20, 2016

വഴിയൊർമ്മകൾ

 
വേലിയിൽ പച്ചിലപ്പന്തലിൽ വന്നൂ-
യലാടുന്ന പൂക്കൾ പറിക്കുവാനായ്..
ഏട്ടനും നാട്ടിലെ കൂട്ടുകാരും കളി-
പ്പാട്ടമാം കൈവണ്ടിയോട്ടുവോരും..
ഒത്തുകൂടാറുണ്ടൊരൂടുവഴിയങ്ങോ-...

ട്ടെത്തീടുവാൻ കൊതിച്ചീടുന്നു ഞാൻ..

താഴത്തെ പൂക്കൾ പറിച്ചുപോരാഞ്ഞി-
ട്ടിഴഞ്ഞുകേറീടുമന്നേട്ടന്റെ തോളിലേ-
ക്കെന്നിട്ടിറുക്കും രസിക്കും, പരസ്പരം-
പുഞ്ചിരിത്തേൻ പുരട്ടും പാട്ടുപാടും..

കാലത്തിനോളത്തിലെല്ലാമൊലിച്ചുപോ-
യിന്നു ഞാനേകയായേട്ടനുംപോയി..
വേലിയും വള്ളിയും പൂക്കളും മാഞ്ഞു-
കോൺക്രീറ്റുമുറ്റം മാത്രം ബാക്കിയായി.
ഓർമ്മകളൂർന്നുവീഴുന്നുണ്ട്‌, കണ്ണിലെ-
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..


ഓർമ്മകളൂർന്നുവീഴുന്നുണ്ട്‌, കണ്ണിലെ-
ക്കാർമുകിൽപ്പെണ്ണു കരഞ്ഞപോലെ..
 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Copyrighted by : Murali S Kumar
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~